കൊച്ചി: നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിൽ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടിയ ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബർമാർക്കുമെതിരെ രൂക്ഷവിമർശനവുമായി നിർമാതാവ് സുപ്രിയ മേനോൻ. ഇരയെ ലക്ഷ്യമാക്കി അടുത്തേക്ക് കുതിക്കുന്ന കഴുകന്മാരെപ്പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും ഇത് പത്രപ്രവർത്തനമല്ലെന്നും സുപ്രിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
ചടങ്ങുകൾക്കിടയിൽ കുടുംബാംഗങ്ങളെപ്പോലും ശ്വാസം വിടാൻ അനുവദിക്കാതെ ക്യാമറകളുമായി വളഞ്ഞ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റം കടുത്ത അതിക്രമമാണ്. വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ നിമിഷമാണത്.
എന്നാൽ ഇവിടെ വീണ്ടും കാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുകയാണ്, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്കെത്തുന്ന കഴുകന്മാരെപ്പോലെ.
എല്ലാം തത്സമയം അറിയാനുള്ള ജനങ്ങളുടെയും മാധ്യമങ്ങളുടെയും ആർത്തി മൂലം എല്ലാവിധ മര്യാദകളും അച്ചടക്കവും ഇവിടെ ഉപേക്ഷിക്കപ്പെടുകയാണെന്ന് സുപ്രിയ പറഞ്ഞു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്നും അവർക്ക് ഇതിനകം തന്നെ താങ്ങാനാകാത്ത വേദനയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.